flipkart

ഓണ്‍ലൈന്‍ റീട്ടെയില്‍ മാര്‍ക്കറ്റില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ഫ്‌ളിപ്കാര്‍ട്ട്.

നിലവിലുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം കാറുകളും ബൈക്കുകളും കൂടി വില്‍ക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ മാത്രമാണ് ഇത് നടപ്പാക്കുന്നത്.

കാറിന്റെയും ബൈക്കിന്റെയും വില്‍പ്പനയ്ക്കായി ബംഗളൂരുവിലുള്ള രണ്ട് ഡീലര്‍മാരുമായി ഫ്‌ളിപ്പ്കാര്‍ട്ട് ധാരണയിലെത്തിയിട്ടുണ്ട്. ബജാജ് ഇരുചക്ര വാഹനങ്ങളുടെ വിതരണക്കാരായ കിവ്‌രാജ് മോട്ടോഴ്‌സ്, മാരുതി സുസൂക്കി കാറുകളുടെ വിതരണക്കാരായ കല്യാണി മോട്ടോഴ്‌സ്
എന്നിവരുമായിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇപ്പോള്‍ ധാരണയിലെത്തിയിരിക്കുന്നത്.

നിലവിലുള്ള കണക്കുകള്‍ പ്രകാരം ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും അധികം വിറ്റു പോകുന്ന സാധനങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഓട്ടോമൊബൈലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുണ്ട്.

കഴിഞ്ഞ മാസം സ്‌നാപ്ഡീല്‍ വെബ്‌സൈറ്റിന് കീഴില്‍ സ്‌നാപ്ഡീല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹീറോ മോട്ടോഴ്‌സ് പിയാജിയോ എന്നിവയുമായി സഹകരിച്ച് വാഹനങ്ങള്‍ വില്‍ക്കുന്നതിനാണ് ഇത്തരത്തിലൊരു കമ്പനി സ്‌നാപ്ഡീല്‍ ഒരുക്കിയത്. ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നതിനും ലോണിന് അപേക്ഷിക്കുന്നതിനും ഇതിലൂടെ സൗകര്യമുണ്ട്.

ഈ സംരംഭം നിലവില്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടും സമാനമായ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ഓട്ടോമൊബൈല്‍ പാര്‍ട്‌സ് വില്‍പ്പന ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ബംഗളൂരുവില്‍നിന്നാണ്. അതുകൊണ്ട് തന്നെയാണ് പരീക്ഷണത്തിനായി ഫല്‍പ്കാര്‍ട്ട് ഇവിടം തെരഞ്ഞെടുത്തത്.

Top