ഇനി പരസ്യമില്ലാതെ സൗജന്യമായി വീഡിയോ കാണാം; ഫ്‌ലിപ്കാര്‍ട്ടിന്റെ വീഡിയോ സര്‍വ്വീസ് എത്തി

ര്യമില്ലാതെ തികച്ചും സൗജന്യമായി വീഡിയോ കാണാനായി ഫ്‌ലിപ്കാര്‍ട്ടിന്റെ വീഡിയോ സര്‍വ്വീസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായി തുടങ്ങി. ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രധാന ഷോപ്പിംഗ് ആപ്ലിക്കേഷന്‍ വഴി തന്നെയാണ് വീഡിയോകളും കാണാന്‍ സാധിക്കുക. ഇതിനായി പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിലവില്‍ പരസ്യങ്ങളില്ലാതെയാണ് വീഡിയോ കാണാന്‍ സാധിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ പരസ്യം ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ട് ആപ്ലിക്കേഷന്റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാല്‍ നാലാമതായി വീഡിയോ സെക്ഷന്‍ കാണുവാന്‍ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്‌ലിപ്കാര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. 6.17 എന്ന ആപ്ലിക്കേഷന്‍ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സേവനം ഉപയോഗിക്കുവാന്‍ കഴിയുക.

ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ എന്നീ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഫ്‌ലിപ്കാര്‍ട്ട് വീഡിയോയും പ്രവര്‍ത്തിക്കുന്നത്. ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അരേ എന്നീ വീഡിയോ നിര്‍മ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. തത്കാലം എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഇല്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വന്തം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് പദ്ധതിയിടുന്നുണ്ട്.

Top