ഫ്‌ളിപ്കാര്‍ട്ടിന് അബന്ധം; ഹെഡ്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എണ്ണക്കുപ്പിയെന്ന്

കൊല്‍ക്കത്ത: ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഹെഡ്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എണ്ണക്കുപ്പിയെന്ന്. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബിജെപിയുടെ മെമ്പര്‍ഷിപ്പുമാണ് ലഭിച്ചത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടില്‍ രണ്ടു സെറ്റ് ഹെഡ്‌ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കൊല്‍ക്കത്ത സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. വീട്ടിലെത്തിയ ഫ്‌ളിപ്കാര്‍ട്ടിന്റെ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് ഹെഡ്‌ഫോണുകള്‍ക്കു പകരം പാക്കറ്റിലുണ്ടായിരുന്നത് ഒരു കുപ്പി എണ്ണയായിരുന്നുവെന്ന് ഇയാള്‍ മനസിലാക്കിയത്.

തുടര്‍ന്ന് അദ്ദേഹം പാക്കറ്റിലുണ്ടായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ഫോണ്‍ ചെയ്തു. ഒരു തവണ ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ആയി. വീണ്ടും വിളിക്കുന്നതിനിടയില്‍ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു മെസ്സേജ്. ഒപ്പം ബിജെപിയുടെ പ്രാഥമിക അംഗത്വ നമ്പറുമുണ്ടായിരുന്നു. അംഗത്വമെടുക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് പേരും വിലാസവും പിന്‍കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു.

പിന്നീട് ഫ്‌ളിപ്കാര്‍ട്ടിന്റെ യഥാര്‍ഥ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് ഇയാള്‍ക്ക് ഹെഡ്‌ഫോണ്‍ അയച്ചുകൊടുത്തു. അബദ്ധത്തില്‍ ഹെഡ്‌ഫോണിനു പകരം എണ്ണ അയച്ചതാണെന്നും അത് ഉപയോഗിക്കുകയോ കളയുകയോ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top