ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ്പ്ലെയ്‌സില്‍ നിന്ന് 3462 കോടി രൂപ സമാഹരിച്ചു

flipcart

ന്യൂഡല്‍ഹി :ഫ്‌ളിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ് പ്ലെയ്‌സില്‍ നിന്ന് 3462 കോടി രൂപ സമാഹരിച്ചു. രണ്ട് തവണകളായിട്ടാണ് നിക്ഷേപം ലഭിക്കുന്നത്. വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തതിനു ശേഷമുള്ള കമ്പനിയുടെ പ്രധാന നിക്ഷേപ സമാഹരണമാണിത്.

അതേസമയം ഈ വര്‍ഷം ആമസോണ്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിലേക്ക് 2,600 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് ഇന്ത്യയിലെ കമ്പനിയുടെ അംഗീകൃത മൂലധന നിക്ഷേപം 4.74 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിരുന്നു. പ്രധാന വിപണിയായ ആമസോണ്‍ സെല്ലര്‍ സര്‍വ്വീസിലേക്ക് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയത്.

അടുത്ത മാസം 9,10 തീയതികളില്‍ നവരാത്രിയോടനുബന്ധിച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ അഞ്ചു ദിവസത്തെ മെഗാ ബില്യണ്‍ ദിവസങ്ങള്‍ ആരംഭിക്കുന്നത്. വില്‍പ്പന മൂല്യത്തില്‍ 2.5-3 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

രണ്ടാം നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നും ഉപഭോക്താക്കളുടെ എണ്ണം മുന്‍ വര്‍ഷത്തെ 13-14 ദശലക്ഷത്തില്‍ നിന്ന് 20 ദശലക്ഷത്തിലേക്ക് ഉയരുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് കണക്കുകൂട്ടുന്നുണ്ട്.

Top