വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഫ്ളിപ്പ് മാര്‍ച്ച്

ദില്ലി: രാജ്യത്ത് വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി ഫ്ളിപ്പ്കാര്‍ട്ട്. ഫ്ളിപ്പ് മാര്‍ച്ച് എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ്കാര്‍ട്ടും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനുമായി (എഡബ്ല്യുപിഒ) സംയുക്തമായാണ് ഈ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. കരസേനയില്‍ നിന്നും വിരമിച്ച സൈനികരില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയാണ് പ്രധാന ലക്ഷ്യം. തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. കോര്‍പ്പറേറ്റ് തൊഴില്‍ റോളുകളുടെ സൂക്ഷ്മത പഠിക്കാന്‍ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.

നിലവില്‍ സപ്ലെ ചെയിന്‍, സെക്യൂരിറ്റി മാനേജ്മെന്റ് ഉള്‍പ്പടെ നിരവധി വിരമിച്ച സൈനികര്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അനുഭവ സമ്പത്തും അച്ചടക്കവും കമ്പനിക്ക് ഏറെ ഗുണം ചെയ്യുമെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നുമാണ് കമ്പനി കരുതുന്നത്. ഇങ്ങനെയൊരു സംരഭം ആരംഭിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ കൃഷ്ണ രാഘവന്‍ പറഞ്ഞു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളിപ്പ്കാര്‍ട്ട് 2007ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

Top