flipkart – amazon -e-market

ബംഗളൂരു: ഇ വ്യാപാരത്തില്‍ രാജ്യത്ത് ഒന്നാമതുള്ള ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ആഗോളഭീമനായ ആമസോണ്‍ ഒരുങ്ങുന്നു. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതായി പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷാവസാനം ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് സൂചന. പ്രാഥമിക ചര്‍ച്ചയില്‍ ഫ്‌ളിപ്കാര്‍ട്ടിന് 800 കോടി യു.എസ് ഡോളറാണ് ആമസോണ്‍ വിലയിട്ടത്. ഇത് ഫ്‌ളിപ്കാര്‍ട്ട് അംഗീകരിച്ചില്‌ളെന്നു പറയുന്നു. ഇവ്യാപാര രംഗത്തെ ചൈനീസ് ബഹുരാഷ്ട്ര കമ്പനി ആലിബാബ ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, സ്‌നാപ്ഡീല്‍ എന്നീ കമ്പനികളെ നോട്ടമിടുന്നതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേടിഎമ്മിലും സ്‌നാപ്ഡീലിലും ആലിബാബക്ക് നിലവില്‍ യഥാക്രമം 40ഉം അഞ്ചും ശതമാനം ഓഹരികളുണ്ട്.

കൂടാതെ, ആലിബാബയുടെ പ്രമുഖ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ്ബാങ്കിന് സ്‌നാപ്ഡീലില്‍ 30 ശതമാനം ഓഹരിയുമുണ്ട്. ഫ്‌ളിപ്കാര്‍ട്ടിനെ ആലിബാബ സ്വന്തമാക്കിയാല്‍ ആമസോണിനുണ്ടാകുന്ന വെല്ലുവിളി മുന്‍കൂട്ടിക്കണ്ടാണ് കമ്പനി ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ഇറങ്ങിയതെന്ന് കരുതുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങളാണെന്ന് ഫ്‌ളിപ്കാര്‍ട്ട് സി.ഇ.ഒ ബിന്നി ബന്‍സാല്‍ പറഞ്ഞു.
നിലവില്‍ 2300 കോടി യു.എസ് ഡോളറിന്റെ ഓണ്‍ലൈന്‍ വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്.

ഇത് 2020ല്‍ 6900 കോടി യു.എസ് ഡോളറാകുമെന്ന് യു.എസ് ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍സാക്‌സ് പ്രവചിക്കുന്നു. സാധ്യതകള്‍ ഏറെയുള്ള ഈ രംഗത്തെ പ്രമുഖ കമ്പനികളൊന്നും എളുപ്പത്തില്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങുകയില്‌ളെന്നും വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞാല്‍ മാത്രമേ അവര്‍ അതിന് സമ്മതിക്കൂവെന്നും വാര്‍ട്ടന്‍ സ്‌കൂള്‍ പ്രഫസര്‍ കാര്‍തിക് ഹൊസനഗര്‍ അഭിപ്രായപ്പെടുന്നു.

Top