ഓണത്തിന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് വി.മുരളീധരന്‍

കൊച്ചി: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

മുന്‍പ് നയതന്ത്രത്തില്‍ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്സവ – അവധി കാലങ്ങളിലെല്ലാം ഇത്തരത്തില്‍ വിദേശത്തുനിന്നു കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാമെന്നും വ്യോമയാന മന്ത്രി ഉറപ്പു നല്‍കി.

കേരളത്തില്‍ നിന്നു യുറോപിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതി കഴിഞ്ഞ രണ്ടര മാസമായി സംഭവിച്ചിട്ടില്ല. വിദേശത്തു ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്കു ശിക്ഷാ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

പല കാരണങ്ങള്‍ കൊണ്ട് ചില പ്രവാസി തടവുകാര്‍ ഈ സൗകര്യം വേണ്ടെന്നു വയ്ക്കുന്നു. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയിലാണ് എമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കുന്നത്. വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ വിവരാവകാശ കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. വിവരാവകാശ നിയമത്തില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തയാറാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രവാസി ലീഗല്‍ സെല്‍ 10-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top