വിമാന ടിക്കറ്റ് ബുക്കിം​ഗിൽ തട്ടിപ്പ്; രണ്ട് പേർ കുടുങ്ങി

ഡൽഹി: വ്യാജ ഓൺലൈൻ വിമാനടിക്കറ്റ് നൽകി ജനങ്ങളെ പറ്റിക്കുന്ന സംഘത്തിലെ രണ്ട് പേരെ ഡൽഹി പൊലീസ് പിടികൂടി. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ച് നിവാസി പ്രവീൺ തിവാരി, ഹരിയാന സ്വദേശി രോഹിത് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഓൺലൈനിൽ ബുക്കിംഗ് ഏജന്റ് വഞ്ചിച്ചതായി കാണിച്ച് മാർച്ച് 29 ന് ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

ഏപ്രിൽ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പ്രൊഫസർക്ക് കാനഡയിലേക്കാണ് പോകേണ്ടിയിരുന്നത്. മാർച്ച് 23 ന് അദ്ദേഹം ഒരു വിദ്യാർത്ഥിനി മുഖേന ബുക്കിം​ഗിന് ശ്രമിച്ചു. തുടർന്ന് ബുക്കിഗ് ഓഫറുകളെന്ന പേരിൽ നിരവധി കോളുകളാണ് പ്രൊഫസർക്ക് വന്നത്. വിദ്യാർത്ഥിയെ പ്രവീൺ തിവാരി എന്ന പേരിലുള്ള ഏജന്റാണ് സമീപിച്ചതെന്നും അയാളുമായാണ് ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. തിവാരി ടിക്കറ്റ് ബുക്ക് ചെയ്യുകയും അവയുടെ കോപ്പി വിദ്യാർത്ഥിനിക്ക് വാട്ട്‌സ്ആപ്പിൽ അയയ്ക്കുകയും ചെയ്തു. തുടർന്ന് 1,49,730 രൂപ താൻ നൽകിയ ബാങ്ക് അക്കൗണ്ടിലിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് പ്രൊഫസർ പണം ഈ അക്കൗണ്ടിലേക്കിട്ടത്.

Top