ഓപ്പറേഷന്‍ ക്ലീന്‍: നോയ്ഡയില്‍ തായ്ലന്‍ഡില്‍നിന്നുള്ള സ്ത്രീകളടക്കം 35 പേര്‍ അറസ്റ്റില്‍

നോയ്ഡ (യു.പി): ഉത്തര്‍പ്രദേശിലെ ഷോപ്പിങ് മാളുകളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന 14 സ്പാകളില്‍ പോലീസ് ഒരേസമയം നടത്തിയ റെയ്ഡില്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള എട്ട് സ്ത്രീകളടക്കം 35 പേര്‍ അറസ്റ്റിലായി. സ്പാകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയത്.

ഇവിടങ്ങളില്‍ നിന്ന് 25 സ്ത്രീകളെയും പത്ത് പുരുഷന്മാരെയുമാണ് പോലീസ് അറസ്റ്റുചെയ്തത്.തായ്‌ലന്‍ഡില്‍ നിന്നുള്ളവര്‍ക്ക് പുറമെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, നാഗാലാന്‍ഡ്, മിസോറം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അറസ്റ്റിലായ പത്ത് പുരുഷന്മാരില്‍ ഇടപാടുകാരും, സ്പാ മാനേജര്‍മാരും, സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടുന്നുവെന്ന് ഗ്രേറ്റര്‍ നോയ്ഡ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

ഓപ്പറേഷന്‍ ക്ലീന്‍ എന്നപേരിലാണ് നഗരത്തിലെ 14 സ്പാകളില്‍ പോലീസ് ഒരേസമയം റെയ്ഡ് നടത്തിയത്. സ്പാകള്‍ കേന്ദ്രീകരിച്ച് വിദേശികളും സ്വദേശികളും ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍, മൂന്ന് സ്പാകളില്‍ മാത്രമാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് റെയ്ഡില്‍ വ്യക്തമായി.

Top