ലോകകപ്പിനായി കുറ്റമറ്റ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്; ഖത്തര്‍ വിദേശകാര്യമന്ത്രി

ലോകകപ്പിനായി കുറ്റമറ്റ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. കളി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ലോകകപ്പ് സമ്പദ്ഘടനയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളിയാസ്വദിക്കാന്‍ ഖത്തറിലേക്ക് എല്ലാ തരം കാണികളുമെത്തും. ഇതില്‍ അമിതാവേശം കാണിക്കുന്നവരും മോശമായി പെരുമാറുന്നവരും‌ എല്ലാം ഉണ്ടാകും. ഖത്തര്‍ സമാധാനപരമായി ജീവിക്കുന്ന ഒരു നാടാണ്. ഇവിടെയെത്തുന്നവരും ശാന്തരായി കളിയാസ്വദിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.

ശക്തമായ സുരക്ഷാ പ്രോട്ടോക്കോളാണ് തയ്യാറാക്കിയിരിക്കുന്നത്, ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളുണ്ട്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ഈ സുരക്ഷാ സംവിധാനങ്ങള്‍ ആരാധകര്‍ക്ക് സുരക്ഷയൊരുക്കാന്‍ പര്യാപ്തമാണ്. ലോകകപ്പ് ഖത്തര്‍ സമ്പദ്ഘടനയ്ക്ക് ദീര്‍ഘകാലത്തേക്ക് കരുത്ത് പകരും. അടിസ്ഥാന സൌകര്യ വികസനങ്ങള്‍ ലോകകപ്പിന് വേണ്ടി മാത്രമുള്ളതാണ്. ലോകകപ്പ് ഇല്ലായിരുന്നെങ്കിലും ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു. വാതക ഉല്‍പ്പാദനം കൂട്ടല്‍, സാമ്പത്തിക വൈവിധ്യവത്കരണം, ഏഷ്യന്‍ ഗെയിംസ് തുടങ്ങി ലോകകപ്പിന് ശേഷവും നിരവധി പദ്ധതികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Top