കേരളഹൗസ് ജീവനക്കാര്‍ക്കായി ഫ്‌ളാറ്റുകള്‍; പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

kerala

ന്യൂഡല്‍ഹി: കേരളാഹൗസ് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. കപൂര്‍ത്തലയിലും ട്രാവന്‍കൂറിലും സര്‍ക്കാരിന് സ്വന്തമായി സ്ഥലമുണ്ടെന്നിരിക്കെ ജീവനക്കാര്‍ക്കായി 35-കോടി മുതല്‍ മുടക്കില്‍ ഫ്‌ളാറ്റുകള്‍ വാങ്ങികൂട്ടുന്ന നടപടിക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയത്.

ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള സ്ഥലങ്ങളില്‍ വന്‍ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. ആര്‍ട്ട് ഗ്യാലറി, മ്യൂസിയം, എക്‌സിബിഷന്‍ ഹാള്‍, ആയുര്‍വേദ ആശുപത്രി, തുടങ്ങിയുള്ള നിര്‍മാണ പദ്ധതികളുടെ ഉല്‍ഘാടനം കപൂര്‍ത്തല പ്ലോട്ടില്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

കേരളഹൗസ് ജീവനക്കാരായ നൂറിലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മുപ്പത് സെന്റ് സ്ഥലത്ത്, ഫ്‌ളാറ്റ് സമുഛയം നിര്‍മിക്കാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അട്ടിമറിച്ച്, കേരളഹൗസില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ജീവനക്കാര്‍ക്കായി ഫ്‌ളാറ്റുകള്‍ കൂട്ടത്തോടെ വാങ്ങാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.

വികസനത്തിന്റെ പേരില്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ്സ്് ആരോപിക്കുന്നത്. രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ്സ്് ആരോപിക്കുന്നു.

Top