നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് പണി കിട്ടും

തിരുവനന്തപുരം: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാവിന്റെ ആസ്തി ജപ്തി ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. റിയല്‍ എസ്റ്റേറ്റ് അതോരിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. റവന്യൂ റിക്കവറി ആക്ടിലെ വ്യവസ്ഥകള്‍ അതോരിറ്റിയ്ക്കും ബാധകമാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.

ഫ്‌ളാറ്റുകളും വില്ലകളും നിശ്ചിത കാലയളവിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ഇത്തരം 20 കേസുകളില്‍ ജപ്തി ചെയ്യാന്‍ ഉത്തരവിറക്കി കഴിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി ചെയര്‍മാന്‍ പി. എച്ച് കുര്യന്‍ പറഞ്ഞു. അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

രജിസ്റ്റര്‍ ചെയ്യാത്ത നിര്‍മ്മാതാക്കള്‍ക്ക് എതിതെ പ്രൊജക്ടിറ്റിന്റെ 10 ശതമാനം വരെ പിഴ ചുമത്തും. രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതുവരെ 600 പ്രോജക്ടുകളാണ് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 400 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. തദ്ദേശ ഭരണ സ്ഥാപനങ്ങളോട് വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്നും അതോരിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.

Top