ഫ്രാന്‍സില്‍ പി.ജി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ

പാരിസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പകരം ഇനി അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുമെന്ന് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനം നടത്തിയത്. ലോകം പുതിയ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയും തീവ്രവാദ വിരുദ്ധ നടപടികളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയുടെ സ്ഥാനവും ശേഷിയും അതിവേഗം മാറിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇപ്പോഴത്തെ വെല്ലുവിളികള്‍ക്കും പതിണ്ടാറ്റുകള്‍ പഴക്കമുള്ള വിഷയങ്ങളിലും പരിഹാരങ്ങള്‍ തേടി ലോകം ഇന്ത്യയെ നോക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയത് ഉള്‍പ്പെടെ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യം നേടിയ വളര്‍ച്ചയും വികസനവും കൊണ്ടുതന്നെ ഇന്ത്യ ഒരു അഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ അധിക താമസമുണ്ടാവില്ല എന്ന് ലോകം വിശ്വസിക്കുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠന ശേഷം ദീര്‍ഘകാല തൊഴില്‍ വിസ അനുവദിക്കുന്നതിന് പുറമെ ഇന്ത്യയുടെ യുപിഐ പേയ്‌മെന്റുകള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

Top