അഞ്ചു വനിതകള്‍ക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ്

saudi-airlines

റിയാദ്: അഞ്ചു വനിതകള്‍ക്ക് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ലൈസന്‍സ് നല്‍കി. ഇതനുസരിച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ഈ വനിതകള്‍ക്ക് ക്യാപ്റ്റന്മാരായി പ്രവര്‍ത്തിക്കാനാകും. വാഹനം ഓടിക്കാന്‍ വനിതകള്‍ക്ക് അനുവാദം നല്‍കിയതിനു പിന്നാലെ സൗദിയില്‍ വിമാനം പറത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ജിഎസിഎയുടെ വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി ഏവിയേഷന്‍ മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ് ഇപ്പോള്‍ നടപ്പിലാക്കിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു കീഴില്‍ പൈലറ്റാകാന്‍ അപേക്ഷ നല്‍കിയ രണ്ടായിരം ആളുകളില്‍ ഏകദേശം നാനൂറോളം പേര്‍ വനിതകളായിരുന്നു. ഇതില്‍ അഞ്ചുപേര്‍ക്കാണ് ജിഎസിഎയില്‍ നിന്നും ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. അടുത്തിടെയായി നിരവധി വനിതകള്‍ വ്യോമയാന മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഇതില്‍ കൂടുതലും സര്‍വ്വീസ് ടെക്‌നിക്കല്‍ രംഗത്താണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top