അവസാന അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് ! ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം, വീഡിയോ കാണാം

വിജയിക്കാന്‍ അവസാന ഓവറില്‍ മൂന്ന് റണ്‍സ് വേണ്ടിയിരിക്കെ അവസാന അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി പരാജയപ്പെട്ട് കാനഡ വനിതാ ക്രിക്കറ്റ് ടീം. ബ്രസീലാണ് കാനഡയെ തോല്പിച്ച് അവിശ്വസനീയ ജയം നേടിയത്. വനിതാ ടി-20 ലോകകപ്പിന്റെ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ ഘട്ടത്തിലാണ് ബ്രസീലിന്റെ അമ്പരപ്പിക്കുന്ന പ്രകടനം

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീല്‍ വനിതകള്‍ നിശ്ചിത 17 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ വനിതകള്‍ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ കാനഡയ്ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ടീമിന്റെ ടോപ് സ്‌കോറര്‍ കൂടിയായ മുഖ്വിന്ദര്‍ ഗില്ലും (18) ക്രിമ കപാഡിയയും (9) ആയിരുന്നു ക്രീസില്‍. ലൗറ കാര്‍ഡോസോ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഡോട്ട്. രണ്ടാം പന്തില്‍ ക്രിമ കപാഡിയ റണ്ണൗട്ട്. ആയി. ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫര്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി. ഹാലയും ഹിബയും ബൗള്‍ഡായപ്പോള്‍ സനയെ റോബെര്‍ട്ട മോര്‍ടെല്ലി പിടികൂടുകയായിരുന്നു. ഇതോടെ ലൗറ ഹാട്രിക്ക് തികച്ചു. അഞ്ചാം പന്തില്‍, രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മുഖ്വീന്ദര്‍ ഗില്‍ റണ്ണൗട്ടായതോറ്റെ ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം.

വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ അവസാന ഓവറില്‍ 5 വിക്കറ്റ് കൈയിലിരിക്കെ കാനഡയ്ക്ക് വേണ്ടത് 3 റണ്‍സ് മാത്രം. കാനഡ ജയിച്ചെന്ന് ഉറപ്പിച്ചിരിക്കെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തില്‍ത്തന്നെ ബാക്കിയുണ്ടായിരുന്ന അഞ്ച് കാനഡ ബാറ്റര്‍മാരും പുറത്തായി. ഫലമോ, മത്സരം തോറ്റെന്ന് ഉറപ്പിച്ച ബ്രസീല്‍ വനിതകള്‍ക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം!

32 പന്തില്‍ രണ്ടു ഫോറുകളോടെ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോബര്‍ട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്‌കോറര്‍. ബ്രസീല്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. അമേരിക്കന്‍ മേഖലയില്‍ 6 മത്സരങ്ങളില്‍ അഞ്ചും വിജയിച്ച അമേരിക്ക അടുത്ത റൗണ്ടിലെത്തി. 4 മത്സരം വിജയിച്ച ബ്രസീല്‍ രണ്ടാമതും മൂന്ന് മത്സരം വിജയിച്ച കാനഡ മൂന്നാമതുമാണ്. അവസാന സ്ഥാനത്തുള്ള അര്‍ജന്റീന എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു.

Top