ചത്ത മൃഗങ്ങളെ മറവുചെയ്യാന്‍ കൊണ്ടുപോയ കരാറുകാരനു നേരെ ആള്‍ക്കൂട്ട ആക്രമണം

ശുക്കളെ കൊന്ന് വാഹനത്തില്‍ കടത്തുകയാണെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ചത്ത മൃഗങ്ങളെ മറവുചെയ്യാന്‍ കൊണ്ടുപോയ കരാറുകാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാറുകാരന്‍ മഹേന്ദ്രയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു.

മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് പശുക്കളുടെയും രണ്ട് കിടാവുകളുടെയും 12 എരുമകളുടെയും ജഡങ്ങളാണ് ചിജാര്‍സി നദിക്ക് സമീപമുള്ള, ചത്ത മൃഗങ്ങളെ മറവു ചെയ്യുന്ന സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോയത്. ഗോര്‍ സിറ്റിക്കു സമീപം വാഹനമെത്തിയപ്പോള്‍ സാമൂഹിക വിരുദ്ധര്‍ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

സന്നദ്ധ സംഘടനയുടെ പ്രസിഡന്റിന്റെയും ഹൈക്കോടതി അഭിഭാഷകന്റേതുമാണ് ചത്ത രണ്ട് പശുക്കള്‍. തങ്ങളുടെ പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് കോര്‍പ്പറേഷനെ അറിയിക്കുകയായിരുന്നെന്നും അവര്‍ നിയോഗിച്ച കരാറുകാരനെത്തി ജഡം മറവു ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നെന്നും ഇരുവരും പറഞ്ഞതായി പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 147 (ലഹള), 148 (മാരകായുധങ്ങളുമായി ലഹള), 186 (ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 353 (ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തുന്ന ഉദ്യോഗസ്ഥനെ ആക്രമിക്കല്‍), 341 (അനധികൃതമായി തടഞ്ഞുവെക്കല്‍), 153 (ലഹളയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനമുണ്ടാക്കുക) തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.

Top