പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചിലവാക്കിയത് അയ്യായിരം കോടി

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിനു ശേഷം പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് 5000 കോടിയോളം രൂപ.

അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ ലോകസഭയെ അറിയിച്ചു.

ഇതിനായി 4968.84 കോടി രൂപ ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

രണ്ടായിരത്തിന്റെ 365.4 കോടി നോട്ടുകള്‍ അച്ചടിക്കുന്നതിനായി 1293.6 കോടി രൂപ ചിലവഴിച്ചന്നും മന്ത്രി അറിയിച്ചു.

178 കോടി പുത്തന്‍ 200 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാരിന് ചിലവായത് 522.83 കോടിയാണ്.

പുത്തന്‍ നോട്ടുകള്‍ അച്ചടിക്കാന്‍ പണം ചെലവഴിച്ചതിനാലാണ് 2016-17 കാലയളവില്‍ ആര്‍ ബി ഐ സര്‍ക്കാറിന് നല്‍കുന്ന മിച്ചധനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.

മിച്ചധനമായി ആര്‍ ബി ഐ 2016-17ല്‍ സര്‍ക്കാരിന് നല്‍കിയത് 35217 കോടിയാണ്.

2015-16 കാലയളവില്‍ 65876 കോടിയായിരുന്നു മിച്ചധനമായി ആര്‍ ബി ഐ സര്‍ക്കാരിലേക്ക് നല്‍കിയത്.

2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്.

Top