തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

ഇടുക്കി: തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകന്‍ ഉള്‍പ്പടെയുള്ളവരാണ് നാളെ സന്ദര്‍ശനത്തിനെത്തുക. മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് സന്ദര്‍ശനം. മന്ത്രിതല ചര്‍ച്ചകളും നടത്തും.

നേരത്തെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ മാത്രമാണ് പങ്കെടുക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയില്‍ നിന്ന് ബോട്ടുമാര്‍ഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 138.60 അടിയാണ്. നിലവില്‍ മഴയും നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. എട്ട് ഷട്ടര്‍ വഴി 3000 ലേറെ ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് കുറയാന്‍ സഹായിക്കുന്നത്.

Top