ഓണം ബംബറിലെ രണ്ടാം സമ്മാനം സ്വന്തമാക്കിയത് അഞ്ച് പൊലീസുകാര്‍

തിരുവനന്തപുരം: ഓണം ബംബറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അഞ്ച് പൊലീസുകാര്‍ക്ക്. വടകര റൂറല്‍ എസ്പി ഓഫീസിലെ അഞ്ച് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. വടകര റൂറല്‍ എസ് പി ഓഫീസില്‍ സ്ഥിരമായി ലോട്ടറി വില്പനയ്‌ക്കെത്തുന്ന സന്തോഷില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് ഓണം ബംബര്‍ രണ്ടാം സമ്മാനം ലഭിച്ചത്. പൊലീസുകാരായ ചന്ദ്രന്‍, വൈശാഖ്, ദിജേഷ്, അജിത്ത്. രമേശന്‍ എന്നിവര്‍ ചേര്‍ന്ന് എടുത്ത TC 537460 നമ്പര്‍ ലോട്ടറിയാണ് സമ്മാനാര്‍ഹമായത്.

നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ച വിവരം സന്തോഷ് പറഞ്ഞാണ് ഇവര്‍ അറിഞ്ഞത്. ടിക്കറ്റെടുക്കുമ്പോള്‍ സന്തോഷിനെ സഹായിക്കുക കൂടിയായിരുന്നു ലക്ഷ്യമെന്ന് ദിജേഷ് പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേപ്പയ്യൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

വൈശാഖ്, ദിജേഷ്, അജിത്ത് എന്നിവര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ചന്ദ്രന്‍, രമേശന്‍ എന്നിവര്‍ പൊലീസ് ഡ്രൈവര്‍ തസ്തികയിലും. ആകെ 6 ടിക്കറ്റിനാണ് ഇത്തവണ രണ്ടാം സമ്മാനമായ 1 കോടി വീതം ലഭിക്കുക.

Top