തമിഴ്‌നാട്ടില്‍ ഏഴുവയസുകാരനടക്കം അഞ്ച് പേരെ വെട്ടിപരിക്കേല്‍പ്പിച്ചു; 4 പേര്‍ പിടിയില്‍

മധുരൈ: തമിഴ്‌നാട്ടില്‍ ഏഴുവയസുകാരനടക്കം അഞ്ച് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ദളിത് വിഭാഗത്തിലെ അഞ്ച് പേര്‍ക്കാണ് വെട്ടേറ്റത്. തേവര്‍ വിഭാഗത്തിലെ രണ്ട് പേരാണ് ഏഴ് വയസുകാരനടക്കമുള്ളവരെ ആക്രമിച്ചത്. മധുരൈയിലെ പെരുങ്കുടി ഭാഗത്ത് തിങ്കളാഴ്ച രാത്രിയാണ് ദളിത് വിഭാഗത്തിലള്ളവര്‍ ആക്രമിക്കപ്പെട്ടത്. ഗണപതി കുമാര്‍, അജിത്, വിജയകുമാര്‍, പെരിയസാമി ഇയാളുടെ ഏഴ് വയസുള്ള ചെറുമകന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ആര്‍ മാരി, കെ ശശികുമാര്‍ എന്നിവര്‍ മോട്ടോര്‍ സൈക്കിളില്‍ പെരുങ്കുടിയിലെ മൈതനാത്തിന് സമീപത്ത് എത്തി. മൈതാനത്തിന് സമീപത്ത് കണ്ണന്‍ പിള്ള എന്നയാളെ കണ്ടോയെന്ന് ഇവര്‍ ആക്രമണത്തിനിരയായവരോട് ചോദിച്ചു. പരിചയമില്ലെന്ന് ദളിത് വിഭാഗത്തിലുള്ളവര്‍ മറുപടി പറഞ്ഞതോടെ ഇവര്‍ ക്ഷുഭിതരായി ആക്രമണം ആരംഭിക്കുകയായിരുന്നു. വാക്കേറ്റം അസഭ്യ വര്‍ഷത്തിലേക്കും പിന്നീട് ആയുധം വച്ചുള്ള ആക്രമണത്തിലേക്കും തിരിയുകയായിരുന്നു.

തലയിലെ കെട്ട് അഴിക്കാതെയും എഴുന്നേറ്റ് നില്‍ക്കാതെയും മുണ്ട് മടക്കി കുത്തിയ നിലയിലും മറുപടി പറഞ്ഞതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വാക്കേറ്റത്തിന് പിന്നാലെ ബൈക്കിലെത്തിയവര്‍ കയ്യിലുണ്ടായിരുന്ന വാളു പോലുള്ള ആയുധം വച്ച് ദളിത് വിഭാഗത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പെരിയസാമിക്കും ഇയാളുടെ ചെറുമകനെയും അക്രമികള്‍ വെറുതെ വിട്ടില്ല.

ഏഴ് വയസുകാരന്റെ കാലുകളിലാണ് വെട്ടേറ്റിരിക്കുന്നത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പെരുങ്കുടിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കുടിവെള്ള ടാങ്കര്‍ ഡ്രൈവറാണ് അക്രമികളിലൊരാളായ മാരി ശശികുമാര്‍ കല്‍പണിക്കാരനാണ്. സംഭവത്തില്‍ പരാതി നല്‍കാനുള്ള ശ്രമങ്ങളെ പൊലീസ് നിരുല്‍സാഹപ്പെടുത്തിയെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചത്. നിരന്തരമായ അപേക്ഷകള്‍ക്കൊടുവിലാണ് ഗണപതികുമാറിന്റെ പരാതി സ്വീകരിച്ചതെന്നും ആരോപണമുയരുന്നുണ്ട്.

 

Top