ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്.

ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് മരിച്ചത്. പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺറോത്തുരുത്ത് സ്വദേശി അമൽ എന്നിവരാണ് മരിച്ചത്.

കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചും മരിച്ചു.

കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചു. ഇവർ കൊച്ചിയിലേക്ക് വരികയായിരുന്നു എന്നാണ് സൂചന. കാക്കാഴം പാലം ഇറങ്ങി വരുമ്പോൾ, എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Top