നവീന ആശയങ്ങളുമായി കേരളീയം അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എത്തുന്നു അഞ്ച് മന്ത്രിമാ‍ർ

തിരുവനന്തപുരം: നവീന ആശയങ്ങളുമായി കേരളീയം അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയെ സമ്പന്നമാക്കാൻ സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാ‍ർ ഒന്നിച്ചെത്തുന്നു. ഇന്ന് വൈകിട്ട് ആറിന് വേദി ഒന്നിലാണ് സംസ്ഥാനത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും മന്ത്രിമാർ പങ്കുവയ്ക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ, സഹകരണ മന്ത്രി വി എൻ വാസവൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പുതിയ കാഴ്ചപ്പാടും ആശയങ്ങളും ചർച്ച ചെയ്യാൻ വേദിയിലെത്തുന്നത്. ഒപ്പം മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ചർച്ചയുടെ ഭാഗമാകും. മാധ്യമപ്രവർത്തകനായ എൻ.പി ഉല്ലേഖാകും പരിപാടിയുടെ മോഡറേറ്റർ.

അതേസമയം കേരളീയത്തിലെ ഇന്നത്തെ പ്രധാന ആകർഷണം പുസ്തകോത്സവത്തിന് ഇരട്ടി മധുരം പകരാനായി പ്രിയ എഴുത്തുകാർ ഇന്ന് എത്തും എന്നതാണ്. എം മുകുന്ദൻ, പ്രഭാവർമ്മ, സുഭാഷ് ചന്ദ്രൻ, ടി ഡി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്പി, കെ പി രാമനുണ്ണി, മാലൻ നാരായണൻ തുടങ്ങിയ വായനക്കാരുടെ പ്രിയ എഴുത്തുകാരാണ് ഇന്ന് നിയമസഭ അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തുക.

വായനക്കാരുമായി അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ പ്രത്യേകത. വേദി ഒന്നിൽ വൈകിട്ട് നാലിന് ‘നോവലിന്റെ വഴികൾ’ പരിപാടിയിൽ എം മുകുന്ദൻ വായനക്കാരോട് സംവദിക്കും. വേദി രണ്ടിൽ ഉച്ചയ്ക്ക് 12.15 ന് ‘കവിതയിലെ ഭാവുകത്വം’ വിഷയത്തിൽ പ്രഭാവർമ്മ സംസാരിക്കും. അതേ വേദിയിൽ മൂന്ന് മണി മുതൽ ‘കഥയുണ്ടാകുന്ന കഥ’ പരിപാടിയിൽ എഴുത്തനുഭവങ്ങൾ പങ്കിടാൻ സുഭാഷ് ചന്ദ്രൻ എത്തും. വൈകിട്ട് 6.30 ന് കെ എൽ ഐ ബി എഫ് ഡയലോഗ്സിൽ ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ് എന്നിവർ പുതിയ കാലത്തിലെ പുതിയ എഴുത്തിനെക്കുറിച്ച് സംസാരിക്കും.

Top