കൊറോണയുമായി അയല്‍പ്രവിശ്യകളിലേക്ക് രക്ഷപ്പെട്ടത് 5 മില്ല്യണ്‍ പേര്‍; അന്തംവിട്ട് ചൈന?

കൊറോണാവൈറസ് ബാധ മൂലം പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം അടച്ചിടുന്നതിന് മുന്‍പ് പ്രവിശ്യയിലെ അഞ്ച് മില്ല്യണ്‍ ജനങ്ങള്‍ സ്ഥലംവിട്ടിരുന്നതായി കണ്ടെത്തല്‍. ഇതോടെ മാരകമായ വൈറസുമായാണ് ഇവര്‍ അയല്‍പ്രവിശ്യകളിലേക്ക് പോയതെന്നാണ് ആശങ്ക ഉയരുന്നത്. വുഹാനില്‍ അജ്ഞാതമായ വൈറസ് രംഗത്തിറങ്ങിയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മുതല്‍ മധ്യ ചൈനീസ് നഗരത്തില്‍ നിന്നും ലക്ഷക്കണക്കിന് പേര്‍ നഗരം വിട്ടെന്നാണ് കണ്ടെത്തല്‍.

ബസുകളിലും, ട്രെയിനുകളിലും ഇടിച്ചുകയറിയും, ചിലര്‍ വിമാനങ്ങളിലുമായാണ് വുഹാന്‍ ഉപേക്ഷിച്ചത്. ചൈനയുടെ ലൂണാര്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ തുടക്കത്തിലായിരുന്നു ഈ കുത്തൊഴുക്ക്. കൊറോണ രോഗം ബാധിച്ച നിരവധി പേര്‍ ഇക്കൂട്ടത്തില്‍ കുടിയൊഴിഞ്ഞെന്നാണ് കരുതുന്നത്. ജനുവരി 23നാണ് രോഗബാധ പടരുന്നത് തടയാന്‍ നഗരത്തിന്റെ അതിര്‍ത്തി അധികൃതര്‍ അടയ്ക്കുന്നത്.

പക്ഷെ ഈ നടപടി ഏറെ വൈകിപ്പോയിരുന്നു. നഗരത്തിന്റെ മേയറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 5 മില്ല്യണ്‍ ജനങ്ങള്‍ നഗരം ക്വാറന്റൈന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥലംവിട്ടതായി മേയര്‍ വ്യക്തമാക്കി. വുഹാന്‍ അടച്ചിടുന്നതിന് മുന്‍പുള്ള രണ്ടാഴ്ചക്കാലം ഹുബെയ് പ്രവിശ്യയിലാണ് 70% ആഭ്യന്തര യാത്രകളും നടന്നതെന്ന് ചൈനീസ് ടെക് വമ്പനായ ബെയ്ഡു കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകളാണ് വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ത്തിയത്.

14% യാത്രകള്‍ അടുത്ത പ്രവിശ്യകളായ ഹെനാന്‍, ഹുനാന്‍, അന്‍ഹുയി. ജിയാംഗ്‌സി എന്നിവിടങ്ങളിലേക്കാണ് നടന്നത്. മറ്റൊരു 2% ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലേക്കും പോയി. ബാക്കിയുള്ളവര്‍ ചൈനയിലെ വിവിധ ഇടങ്ങളിലേക്കും സഞ്ചരിച്ചു. അഞ്ച് മില്ല്യണ്‍ ജനങ്ങള്‍ നഗരത്തിന് പുറത്തുള്ളതിനാല്‍ വൈറസ് പിടിച്ചുനിര്‍ത്തല്‍ വെല്ലുവിളിയാണെന്ന് ഹോങ്കോംഗ് ബയോമെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂളിലെ മോളിക്യുലാര്‍ വൈറോളജിസ്റ്റ് ജിന്‍ ഡോംഗ് യാന്‍ പറഞ്ഞു.

Top