വാഹനവിപണിയില്‍ ബിഎസ് 6 നിലവാരം; അധികം ഇന്ധനക്ഷമതയുള്ള ചെറു കാറുകളിവ

വിപണിയില്‍ ബിഎസ് 6 നിലവാരത്തിന്റെ വരവോടെ മാരുതി അടക്കമുള്ള നിര്‍മാതാക്കള്‍ ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിച്ചു കഴിഞ്ഞു. ഇന്ധനക്ഷമതയില്‍ ഡീസല്‍ കാറുകളുടെ അത്രയും വരില്ലെങ്കിലും പെട്രോള്‍ വാഹനങ്ങളും മോശമല്ല. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനായി ഹൈബ്രിഡ് സാങ്കേതിക വിദ്യയും പല നിര്‍മാതാക്കളും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ അധികം ഇന്ധനക്ഷമതയുള്ള ചെറു കാറുകളാണ് മാരുതി സുസുക്കി ഡിസയര്‍, ഓള്‍ട്ടോ കെ 10, മാരുതി ബലേനൊ/ ടൊയോട്ട ഗ്ലാന്‍സ, റെനൊ ക്വിഡ്,വാഗണ്‍ ആര്‍, തുടങ്ങിയവ.

ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള കോംപാക്റ്റ് സെഡാനായിരുന്ന ഡിസയറിന്റെ ഡീസല്‍ ഹൃദയം ഉപേക്ഷിച്ച് പെട്രോള്‍ എന്‍ജിന്‍ മാത്രമായെങ്കിലും ഇന്ധനക്ഷമയുടെ കാര്യത്തില്‍ ഡിസയര്‍ തന്നെയാണ് മുന്നില്‍. 66 കിലോവാട്ട് കരുത്തുള്ള ബിഎസ് 6 1.2 ലീറ്റര്‍ കെ സീരിസ് ഡ്യുവല്‍ ജെറ്റ് വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ വാഹനത്തില്‍. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി ഉപയോഗിക്കുന്ന ഡിസയറിന്റെ മാനുവല്‍ പതിപ്പിന് 23.26 കിലോമീറ്ററും എജിഎസ് പതിപ്പിന് 24.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഇന്ത്യന്‍ വിപണിയിലെ എവര്‍ഗ്രീന്‍ ഹീറോ മാരുതി ഓള്‍ട്ടോയാണ് മൈലേജ് യുദ്ധത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു കാര്‍. മാരുതിയുടെ കെ10 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 50 കിലോവാട്ട് കരുത്തും 90 എന്‍എം ടോര്‍ക്കുമുണ്ട്. എജിഎസ്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ലഭിക്കുന്ന കാറിന് ഇന്ധനക്ഷമ ലീറ്ററിന് 23.95 കിലോമീറ്ററാണ്.

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയും അതിന്റെ ടൊയോട്ട പതിപ്പായ ഗ്ലാന്‍സയുമാണ് ഇന്ധനക്ഷമതിയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു കാര്‍. സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള 1.2 ലീറ്റര്‍ എന്‍ജിന്റെ ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന് 23.87 കിലോമീറ്ററാണ്. റെനൊയുടെ ജനപ്രിയ ചെറുകാര്‍ ക്വിഡിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ചെറു കാര്‍ സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷായ കാറുകളിലൊന്നാണ് ക്വിഡ്. 54 പിഎസ് കരുത്തുള്ള 799 സിസി എന്‍ജിനും 68 പിഎസ് കരുത്തുള്ള 1 ലീറ്റര്‍ എന്‍ജിനുമാണ് ക്വിഡിന് കരുത്തേകുന്നത്.

ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള വാഗന്‍ ആര്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വില്‍പനയ്ക്കെത്തിച്ചത് കഴിഞ്ഞ വര്‍ഷം അവസാനമാണ്. കെ 10ബി എന്‍ജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) ഗീയര്‍ബോക്സുകളാണുള്ളത്. 998 സി സി, മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി 68 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക. പുതിയ എന്‍ജിന് ലീറ്ററിന് 21.79 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

Top