22 ദിവസത്തിനിടെ ഒരു കുടുംബത്തില്‍ അഞ്ചുമരണം, കോവിഡല്ലെന്ന് നിഗമനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 22 ദിവസത്തിനിടെ മരിച്ചത് ഒരു കുടുംബത്തില്‍ അഞ്ചുപേര്‍. ഗോണ്ടയിലെ ചക്രൗത ഗ്രാമത്തിലെ അഞ്ചാനി ശ്രീവാസ്തവയുടെ കുടുംബത്തിനാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കോവിഡ് മൂലമാണെന്നായിരുന്നു നിഗമനം. എന്നാല്‍ കോവിഡ് പരിശോധന ഫലങ്ങളിലെല്ലാം നെഗറ്റീവായിരുന്നു. മരിച്ച അഞ്ചുപേര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവാകുകയായിരുന്നു.

ഏപ്രില്‍ രണ്ടിന് അഞ്ചാനിയുടെ മുതിര്‍ന്ന സഹോദരന്‍ 56കാരനായ ഹനുമാന്‍ പ്രസാദ് മരിക്കുകയായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏപ്രില്‍ 14ന് അഞ്ചാനിയുടെ മാതാവ് മാധുരി ദേവിയും മരിച്ചു. മാധുരി ദേവിയുടെ കൊച്ചുമകന്‍ സൗരഭ് ഏപ്രില്‍ 16ന് മഞ്ഞപിത്തം ബാധിച്ച് മരണമടയുകയും ചെയ്തു. ഏപ്രില്‍ 22ന് സൗരഭിന്റെ മാതാവ് ഉഷ ശ്രീവാസ്ത്രവും ഏപ്രില്‍ 24ന് പിതാവ് അശ്വനി ശ്രീവാസ്തവയും മരിച്ചു. ഇരുവര്‍ക്കും കടുത്ത പനിയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

സംഭവം പുറത്തുവന്നതോടെ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അഞ്ചുപേരുടെയും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് ജില്ല അധികൃതരായ അഞ്ചനി ശ്രീവാസ്തവ പ്രതികരിച്ചു.

 

Top