ന്യൂഡല്‍ഹി: ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ മകന് ഉത്പല്‍ പരീഖര്‍ ഉള്‍പ്പടെ അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു. തുടക്കത്തിലെ കല്ലുകടിച്ച ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടി വിടുകയാണ്.
ഒറ്റരാത്രി കൊണ്ട് ഗോവ ബി.ജെ.പിയിലെ അഞ്ച് പ്രമുഖര്‍ ബി.ജെ.പി വിമതരായി. സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, മുന്‍മന്ത്രി ദീപക് പോസ്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോര്‍ ഫെര്‍ണാണ്ടസ്, മഹിളാ വിഭാഗം അധ്യക്ഷ സാവിത്രി ഖവേല്ക്കര് , മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ മകന് ഉത്പല്‍ പരീഖര്‍ എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കും.
പനാജിയില്‍ നിന്ന് തന്നെ ജനവധി തേടുമെന്ന് ഉത്പല്‍ പരീഖര്‍ വ്യക്തമാക്കി. ഉത്പാലിന് സീറ്റ് വാഗ്ദാനം ചെയ്ത് ആംആദ്മി പാര്‍ട്ടിയും ശിവസേനയും രംഗത്തുണ്ട്. മനോഹര്‍ പരീഖറോട് ബി.ജെ.പി വഞ്ചന കാട്ടിയെന്ന പ്രചാരണവും എ.എ.പി ഉയര്‍ത്തുന്നു.
2017ല്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണം പിടിച്ച ഓപ്പറേഷന് താമരയുടെ ക്ഷീണം മാറ്റി. ഇത്തവണ ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ പദ്ധതിയിടുന്ന ബി.ജെ.പിക്ക് നേതാക്കളുടെ കൂട്ടരാജി കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്ന് വ്യക്തം.