ജമ്മുകശ്മീരില്‍ പാക്ക് ഷെല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു

army

ജമ്മു: ജമ്മുകശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മരണം അഞ്ചായി. 10 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സീതാറാം ഉപാധ്യായയും നാല് സാധാരണ പൗരന്മാരില്‍ 45 വയസുകാരിയായ സ്ത്രീയുമാണ് മരിച്ചത്. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

ആര്‍.എസ്.പുര ബിസ്‌നാ, അര്‍നിയ സെക്ടറുകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പാക്ക് സൈന്യം ആക്രമണം നടത്തുന്ന മേഖലയില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കുമെന്ന് ബിഎസ്എഫ് അറിയിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണം ശക്തമാക്കിയതോടെ സൈന്യം കനത്ത ജാഗ്രതയിലാണ്.

റംസാന്‍ മാസം പ്രമാണിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇതിന് ശേഷം അതിര്‍ത്തിയില്‍ പാക്ക് ആക്രമണം രൂക്ഷമാണ്.

Top