സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് 5 യുവാക്കള്‍ മരിച്ചു

മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ മരിച്ചു. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്‌നാകര്‍ എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു.

13 അംഗസംഘമാണ് ജവഹര്‍ നഗരത്തിലെ കല്‍മാണ്ഡ്‌വി വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവര്‍ ചാടുകയായിരുന്നു. അഞ്ചു പേരും മുങ്ങി മരിച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവം അറിയിച്ചതിനെ തുടര്‍ന്നെത്തിയ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top