അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്കു സ്ഥാനചലനം, തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കു സ്ഥാനചലനം.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കളക്ടറായി ഡോ.കെ. വാസുകിയെ നിയമിച്ചു. ഇപ്പോള്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വാസുകി.

ഫിഷറീസ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഡോ. എസ്. കാര്‍ത്തികേയനെ കൊല്ലം കളക്ടറായി നിയമിച്ചു.

ഡോ.പി. സുരേഷ് ബാബുവാണ് പാലക്കാട് കളക്ടര്‍. ഇപ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എം.ഡിയാണ്.

കോട്ടയം കളക്ടറായി ശ്രീമതി നവജോത് ഖോസയെ നിയമിച്ചു. ഇപ്പോള്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറാണ്.

ഇപ്പോള്‍ സാമൂഹ്യനീതി ഡയറക്ടറായിരിക്കുന്ന ടി.വി. അനുപമയാണ് ഇനി ആലപ്പുഴ കളക്ടര്‍.

പാലക്കാട് കളക്ടറായിരുന്ന പി മേരിക്കുട്ടിയെ പഞ്ചായത്ത് ഡയറക്ടറാക്കി.

കോട്ടയം കളക്ടറായിരുന്ന സി.എ. ലത ഇനി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയാണ്.

തിരുവനന്തപുരം കളക്ടറായിരുന്ന വെന്‍ങ്കിടേശപതിയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.

മുരുകന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ  മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്‍റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്‍റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ഇന്ന് കാലത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചു മനസ്സിലാക്കി. 25 വര്‍ഷമായി കൊല്ലത്ത് കറവക്കാരനായി ജോലി ചെയ്യുകയായിരുന്നു മുരുകന്‍.

സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, തിരുനല്‍വേലി തിസൈന്‍ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലര്‍ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകന്‍റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുരുകന്‍റെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. 

ഓണക്കിറ്റ്

ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിന് 33.88 കോടി രൂപ ചെലവ് വരും. അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. ഇതിന് 6.71 കോടി രൂപ ചെലവ് വരും. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ വീതം സ്പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യും. ഇതിന് 20.51 കോടി രൂപ ചെലവ് വരും. 

സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഓണക്കാലത്ത് പതിനഞ്ച കിലോ അരിയും എട്ട് ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. മൊത്തം ചെലവ് 13.2 കോടി രൂപ.

സംസ്ഥാനത്തെ 60 വയസ്സിനുമുകളിലുളള മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും സൗജന്യ ഓണക്കോടി വിതരണം ചെയ്യും. 51,476 പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ചെലവ് 3.93 കോടി രൂപ.

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച ദീര്‍ഘകാല കരാറിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. വര്‍ക്കുമെന്‍ കാറ്റഗറിയിലുളള ജീവനക്കാര്‍ക്കാണ് ഈ തീരുമാനം ബാധകമാവുക. 

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. വിരമിച്ചവരുടെ ഏറ്റവും കൂടിയ പ്രതിമാസ പെന്‍ഷന്‍ 41,500 രൂപയാകും. ഏറ്റവും കൂടിയ കുടുംബ പെന്‍ഷന്‍ 24,900 രൂപയാകും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ 8,500 രൂപ.

കോഴിക്കോട് ജില്ലയിലെ ഫറൂക്ക് ഇ.എസ്.ഐ. ആശുപത്രിയില്‍ റീജിണല്‍ ലാബ്രോട്ടറി സ്ഥാപിക്കുന്നതിന് മൂന്ന് ലാബ് ടെക്നീഷ്യന്‍ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

കൊല്ലം മുഖത്തല എം.ജി.ടി.എച്ച് സ്കൂളിലെ തൂണ്‍ തകര്‍ന്ന് മരിച്ച നിശാന്തിന്‍റെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഈ കുടുംബത്തിന് 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  ഈ തുക അവര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ ബാക്കി 2 ലക്ഷം രൂപയാണ് നല്‍കുക.

തിരുവനന്തപുരം ആറ്റിപ്ര വില്ലേജില്‍ പൗണ്ട് കടവില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭവന നിര്‍മ്മാണ ബോര്‍ഡിന് രണ്ട് ഏക്ര സ്ഥലം പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. 

Top