Five Delhi hospitals asked to pay Rs 700-crore fine for refusing treatment to the poor

തിരുവനന്തപുരം: കേരളത്തില്‍ പ്രമുഖ ആശുപത്രികളില്‍ പോലും നഴ്‌സുമാര്‍ക്കു ‘രക്ഷയില്ലാത്ത’ സാഹചര്യത്തില്‍ കണ്ട് പഠിക്കാന്‍ ഒരു കെജ്‌രിവാള്‍ മാതൃക.

പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നിഷേധിച്ചതിന് അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ 600 കോടി രൂപയാണ് പിഴയിട്ടത്.
പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനാണ് സര്‍ക്കാര്‍ നടപടി.

സാക്ഷര കേരളത്തിലാകട്ടെ സൗജന്യം പോയിട്ട് മര്യാദക്ക് കാശ് കൊടുത്താല്‍ പോലും നല്ല ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളത്. കച്ചവട കണ്ണോടെ രോഗികളെ സമീപിക്കുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ പാതിരാത്രി 12 മണിക്ക് പോലും ഷിഫ്റ്റ് വിടേണ്ടി വരുന്ന നഴ്‌സുമാരോട് പോലും കരുണ കാണിക്കാറില്ല. ഡല്‍ഹിയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി പോലും കേരളത്തില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതിനു പുറമെയാണ് നഴ്‌സുമാര്‍ക്കെതിരായ പീഡനംസംബന്ധമായ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. അപകടത്തില്‍പ്പെട്ടും മറ്റും ജീവനു വേണ്ടി മല്ലിടുന്ന അവസ്ഥയില്‍ പോലും സ്വകാര്യ ആശുപത്രികളില്‍ ആളുകളെ എത്തിച്ചാല്‍ ആദ്യം പണം അടപ്പിച്ചിട്ട് പിന്നീട് ചികിത്സ നടത്തുന്ന രീതിയാണ് മിക്ക ആശുപത്രി മാനേജ്‌മെന്റുകളും സംസ്ഥാനത്ത് പിന്തുടരുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഈ പ്രവണതയെ ഇല്ലായ്മ ചെയ്യാനാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിന് 600 കോടി പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് കാട്ടി ആശുപത്രികള്‍ക്ക് നോട്ടിസും നല്‍കി. വിശദീകരണത്തിന് ഒരുമാസമാണ് സമയപരിധി.

ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. കൂടാതെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവര്‍ക്കും സൗജന്യ നിരക്കേ ഈടാക്കാന്‍ പാടുള്ളു. ഈ നിബന്ധനയോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഭൂമി നല്‍കിയത്. നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണമായത്.

ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ത് ഹോസ്പിറ്റല്‍, ധര്‍മ്മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്‌ക്കെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ നടപടി എടുത്തത്.

ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ ഇന്നുവരെയുള്ള പിഴയാണ് ഇപ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ഡല്‍ഹിയിലെ 43 സ്വകാര്യ ആസ്പത്രികള്‍ക്ക് സര്‍ക്കാര്‍ ഈ നിബന്ധനയോടെ ഭൂമി നല്‍കിയിട്ടുണ്ട്. 1960 മുതല്‍ 1990 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ ഭൂമിനല്‍കിയിരുന്നത്.

ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സാമ്പത്തിക ആര്‍ത്തിക്ക് റെഡ് സിഗ്നല്‍ ഉയര്‍ത്തിയ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ഇതേ മാതൃക പിന്തുടര്‍ന്ന് കേരളത്തിലും സ്വകാര്യ ഹോസ്പിറ്റലുകള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയറിടണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിപക്ഷവും സ്വന്തം സ്ഥലത്ത് തന്നെയാണ് കെട്ടിടങ്ങള്‍ പണിതിട്ടുള്ളതെങ്കിലും അക്കാര്യം മുഖവിലക്കെടുക്കാതെ നിയമനിര്‍മ്മാണം നടത്തണമെന്നതാണ് ഉയര്‍ന്നു വരുന്ന ആവശ്യം. നോട്ടു കെട്ടുകളേക്കാള്‍ വിലയുണ്ട് മനുഷ്യ ജീവന് എന്ന മുദ്രാവാക്യമുര്‍ത്തി സോഷ്യല്‍ മീഡിയയില്‍ നിന്ന അകമഴിഞ്ഞ പിന്തുണയാണ് ഇതിന് ലഭിക്കുന്നത്.

Top