Five crore houses to be built for the poor by 2022: PM Narendra Modi

റായ്പൂര്‍: 2022നകം രാജ്യത്ത് വീടില്ലാത്ത അഞ്ച് കോടി പേര്‍ക്ക് സര്‍ക്കാര്‍ വീട് വച്ച് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഛത്തീസ്ഡഗഡിലെ നയാ റായ്പൂരില്‍ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു മോദി.

തൊഴില്‍ വൈദഗ്ധ്യം വികസിപ്പിയ്ക്കണമെന്നും യുവാക്കള്‍ കൂടുതലായി സംരംഭകത്വത്തിലേയ്ക്ക് തിരിയണമെന്നും മോദി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടോളമായെങ്കിലും അഞ്ച് കോടിയോളം ആളുകള്‍ക്ക് രാജ്യത്ത് വീടില്ലെന്ന് മോദി പറഞ്ഞു. ഇവരില്‍ രണ്ട് കോടി പേര്‍ നഗരങ്ങളിലും ബാക്കിയുള്ളവര്‍ ഗ്രാമങ്ങളിലുമാണ്. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിയ്ക്കുമ്പോള്‍ ഇന്ത്യ എങ്ങനെ ആയിരിയ്ക്കണമെന്ന് നമ്മള്‍ ഓരോരുത്തരും ആലോചിയ്ക്കണമെന്നും മോദി പറഞ്ഞു. അഞ്ച് കോടി ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് നടപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

ഇത് കേവലം ഒരു അടിസ്ഥാനസൗകര്യ വികസന പദ്ധതിയല്ലെന്നും മറിച്ച് ഇത് സാധാരണക്കാരന്റെ സ്വപ്‌നം സാക്ഷാത്കരിയ്ക്കാനുള്ള പദ്ധതിയാണെന്നും, പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയുമെന്നും മോദി അവകാശപ്പെട്ടു.

പൊതു മേഖലയ്ക്കുംസ്വകാര്യമേഖലയ്ക്കും പുറമേ ഓരോരുത്തരും സംരംഭകരായി മാറുന്ന പേഴ്‌സണല്‍ സെക്ടറുമുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.

Top