പാലക്കാട് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമൂഹവ്യാപന ആശങ്ക

പാലക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മന്ത്രി എ.കെ.ബാലന്‍.മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയില്‍ 53 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ രോഗം പടരുന്ന സാഹചര്യമാണ്, സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

നിരീക്ഷണത്തില്‍ പോവേണ്ടവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവാസികളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയാണെന്നും മന്ത്രി വ്യക്തമാക്കി.

ചെക്‌പോസ്റ്റില്‍ കുറഞ്ഞസമയം ചെലവഴിച്ചവര്‍ക്കും അല്‍പനേരം നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് പ്രത്യേക ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയ്ക്കുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Top