സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ആശുപത്രിയിലുണ്ടായ തീപിടിത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു.വൈബോര്‍ഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ് ഹോസ്പിറ്റലിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീ നിയന്ത്രണാവിധേയമാക്കിയതായും 150 പേരെ ആശുപത്രിയില്‍ നിന്നും മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ മാര്‍ച്ച് അവസാനമാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്.

4.9 ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 5,483 ആശുപത്രി കിടക്കകളാണ് കൊവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്.റഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ നഗരമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 7,700 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 56 പേരാണ് ഇവിടെ ഇതുവരെ മരണപ്പെട്ടത്.

അതേസമയം റഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,656 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,21,344 കോവിഡ് രോഗികളാണുള്ളത്. 2,009 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ മൂന്നാം സ്ഥാനത്താണ്. യു.കെയെയും ഇറ്റലിയേയും പിന്തള്ളിയാണ് രോഗികളുടെ എണ്ണത്തില്‍ റഷ്യ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

Top