five beer and wine parlour will open in trivandrum

തിരുവനന്തപുരം: ജില്ലയിലെ അഞ്ച് ബീയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. കഴക്കൂട്ടം വഴി കന്യാകുമാരിയിലേക്കു പോകുന്ന എന്‍എച്ച് 66 നു സമീപത്തു സ്ഥിതി ചെയ്യുന്ന ബാര്‍ഹോട്ടലുകള്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചത്. ഈ പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സേവിയേഴ്‌സ് ഹോട്ടല്‍, പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവര്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചതെന്നു എക്‌സൈസ് അധികൃതര്‍ ഒരു സ്വകാര്യ മാധ്യമത്തോടു പറഞ്ഞു. 24 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് പാതയോരത്തുള്ളത്. ഇതില്‍ കോടതിയെ സമീപിച്ച ഹോട്ടലുകള്‍ക്കാണ് അനുമതി ലഭിച്ചത്.

ബോംബെയിലെ പനവേലില്‍ നിന്ന് ആരംഭിച്ചു ഗോവയിലൂടെ കര്‍ണാടക വഴി കേരളത്തിലെത്തുന്നതാണ് എന്‍എച്ച് 66. കാസര്‍ഗോഡ്, എറണാകുളം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കേശവദാസപുരം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയില്‍ പാത അവസാനിക്കും. എന്നാല്‍, കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാര്‍ക്കിനു മുന്നിലൂടെയുള്ള കാരോട് ബൈപാസും കന്യാകുമാരിയിലേക്കാണ്. ദേശീയപാതകളായാണു രണ്ടിനെയും വിജ്ഞാപനം ചെയ്തിരിക്കുന്നത്. രണ്ടുദേശീയപാതകള്‍ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അനുകൂല വിധി. ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകള്‍ പാടില്ലെന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഉത്തരവും അസോസിയേഷന്‍ കോടതിയില്‍ ഹാജരാക്കി. രണ്ടും ദേശീയപാതയാണെങ്കില്‍ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂര്‍ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

അതേസമയം, ഈ പാതയോരത്ത് മാസ്‌കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെ മൂന്നു ഹോട്ടലുകളും എട്ടു ചില്ലറ വില്‍പ്പനശാലകളുമുണ്ടെങ്കില്‍ അവ തുറക്കുന്നതിന് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ദേശീയപാത സംബന്ധിച്ച തര്‍ക്കത്തില്‍ ബാറുടമകളുടെ വാദത്തെ എതിര്‍ക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം തൊടുപുഴയിലെ അഞ്ചു ബാറുകള്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു തുറന്നിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

Top