ശ്രീനിവാസൻ വധം; അഞ്ച് പേർ കസ്റ്റഡിയിൽ, മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ

പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. പിടിയിലായവരിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസിൽ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു.

പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കൊലപാതകത്തിന് തൊട്ട് മുൻപ് പ്രതികൾ മാർക്കറ്റ് റോഡിലൂടെ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചിരുന്നു.മൂന്ന് ബൈക്കുകളിൽ അക്രമിസംഘം എത്തുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കൃത്യം നടക്കുന്നതിന് തൊട്ടു മുൻപ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.16ന് രാവിലെ 10 .30 മുതൽ പ്രതികൾ മാർക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുൻപ് പലതവണ കടക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീട്ടി. 24 വരെയാണ് ജില്ലയിൽ നിരോധനാജ്ഞ.

Top