കോയമ്പത്തൂർ സ്ഫോടനം: മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ‌

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്നാണ് വിവരം. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ.

ഇന്നലെ പുലർച്ചെ നാലുമണിയോടെ, ഉക്കടത്ത് ടൗൺഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തിനശിച്ചു. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

സ്ഫോടനം നടന്ന പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം. മുബിന്റെ വീട്ടിന് സമീപത്തെ സിസിടിവിയിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

Top