കെഎസ്ആര്‍ടിസി ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി നീട്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആര്‍ടിസിയുടെ 1650 ബസുകളുടെയാണ് ഫിറ്റ് നസ് പുതുക്കാന്‍ സമയമായത്. ഈ സാഹചര്യത്തില്‍ ഫിറ്റ്നസ് തെളിയിക്കാന്‍ സാവകാശം അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പരിഹരിക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

1650 കെഎസ്ആര്‍ടിസി ബസ്സുകളുടെ ഫിറ്റ്നസ് ഈ മാസം 30നാണ് അവസാനിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു. ഇതിനു പുറമെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോര്‍പ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.

5000 സര്‍വീസുകള്‍ നടത്തിയ ഇടത്ത് വെറും 3200 സര്‍വീസുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. ഇതില്‍ പകുതി ബസുകള്‍ കട്ടപ്പുറത്ത് കയറിയാല്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. ഡിസംബര്‍ 31 വരെ ഫിറ്റ്നസ് നീട്ടണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ ആവശ്യം. സംസ്ഥാന ഗതാഗത വകുപ്പ് ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കുകയാണ്. ജിപിഎസ് ഘടിപ്പിക്കുന്നതുവരെ സാവകാശം വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നു പോകുന്നത്. 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. എല്ലാ മാസവും സര്‍ക്കാര്‍ പണം നല്‍കിയാണ് ജീവനക്കാര്‍ക്ക് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്.

Top