ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറച്ച് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച്

കൊച്ചി: അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ചും ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറച്ചു. റിസര്‍വ് ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെയാണ് ഫിച്ചും വളര്‍ച്ച അനുമാനം കുറച്ചത്.

5.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കരുതിയ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി. വളര്‍ച്ച അനുമാനമാണ് കുറച്ചിരിക്കുന്നത്.

വായ്പ ആവശ്യകത വന്‍തോതില്‍ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയില്‍ ആത്മവിശ്വാസം ചോര്‍ന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളര്‍ച്ച അനുമാനം താഴ്ത്താന്‍ കാരണം. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി. ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി.

2019 ഫെബ്രുവരി മുതല്‍ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് ഇതിനോടകം വരുത്തിയിട്ടുണ്ട്. മൂഡീസിന്റെ 4.9 ശതമാനം, എ.ഡി.ബി.യുടെ 5.1 ശതമാനം, ആര്‍.ബി.ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാള്‍ താഴെയാണ് ഫിച്ചിന്റെ അനുമാനം.

 

 

Top