കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂൺ 29 മുതൽ ജൂലൈ 2 വരെ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ജൂണ്‍ 29) മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും, ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളിലും, ഇന്ന് ആന്ധ്രാപ്രദേശ് തീരത്തിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ന് (ജൂണ്‍ 29) രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

 

Top