ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മലയാളിയുടെ മൃതദേഹം കണ്ടെത്തി. മാല്യങ്കര സ്വദേശി ഷിജുവിന്റെ മൃതദേഹമാണു കണ്ടെത്തിയത്.

മല്‍സ്യബന്ധനവലയില്‍ കുടുങ്ങിയ മൃതദേഹം തൊഴിലാഴികള്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് പുലര്‍ച്ചെയാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

നാവിക സേന, തീരസംരക്ഷണ സേനാ, തീരദേശ പൊലീസ് എന്നിവര്‍ക്കൊപ്പം മത്സ്യതൊഴിലാളികളും ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന ഇന്ത്യന്‍ എണ്ണക്കപ്പലായ ദേശശക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പലായ എം.വി.ദേശശക്തിയെന്നാണ് സൂചന. കപ്പല്‍ ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോകുന്ന വഴിയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്.

അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി.

Top