മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ വിഴിഞ്ഞത്തു നിന്നും കൊല്ലം നീണ്ടകരയില്‍ നിന്നും കാണാതായ ഏഴു മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യത്തൊഴിലാളികളെ കാണാതായി രണ്ട് ദിവസമായിട്ടും തെരച്ചില്‍ എങ്ങും എത്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തെരച്ചില്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കനത്ത മഴയ്ക്കിടെ വിഴിഞ്ഞത്തു നിന്നും കൊല്ലം നീണ്ടകരയില്‍ നിന്നും കാണാതായ ഏഴു മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിന് ഹെലികോപ്റ്റര്‍ ഉടനെത്തുമെന്നും എത്തിയാലുടന്‍ തെരച്ചില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ രണ്ട് കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.

വ്യാഴാഴ്ച വിഴിഞ്ഞത്തു നിന്ന് നാല് പേരെയും വെള്ളിയാഴ്ച നീണ്ടകരയില്‍ നിന്ന് മൂന്ന് പേരെയുമാണ് കാണാതായത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തീരവാസികള്‍ പ്രതിഷേധത്തിലാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിയുമ്പോളും കാണാതായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് തീരവാസികള്‍ ആരോപിക്കുന്നു.

എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും മൃതദേഹം കിട്ടിയാല്‍ റീത്തുവെയ്ക്കാന്‍ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും എത്തുമെന്നും അത്തരത്തിലുള്ള ജനപ്രതിനിധികളെ തങ്ങള്‍ക്ക് വേണ്ടെന്നും തീരവാസികള്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണിവര്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്ന്.

മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയത്.

Top