കൊല്ലത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

കൊല്ലം : കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് മത്സ്യതൊഴിലാളികളും സുരക്ഷിതരെന്ന് അധികൃതര്‍. വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേടായതിനെത്തുടർന്ന് കടലിൽ ഒഴുകിയ ബോട്ട് തോട്ടപ്പള്ളി ഭാഗത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുജീബ്, മജീദ്, സാബു, യേശുദാസൻ എന്നിവരെ ഞായറാഴ്ച പുലർച്ചെയോടെയാണ് കാണാതാവുന്നത്.

വൈകുന്നേരം ആറരമണിക്കും ഒൻപത് മണിക്കും ബോട്ടിലുള്ള മജീദ് എന്നയാള്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. രാത്രി ഒന്നര മണിയോടെ ബോട്ടിന്‍റെ പ്രോപ്പലറിലേക്ക് വലചുറ്റിയതായി ഇയാളില്‍ നിന്നും വിവരം ലഭിച്ചു. തുടർന്ന് മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടുകള്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും വൈകുന്നേരംവരെ ബോട്ട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രണ്ട് ദിവസം സഹായം തേടി കടലിൽ കഴിഞ്ഞ ഇവരെ ഇന്നലെ ഉച്ചക്ക് ശേഷം തോട്ടപ്പള്ളി ഭാഗത്ത് നിന്നും മത്സ്യതൊഴിലാളികൾ തന്നെ കണ്ടെത്തുകയായിരുന്നു. ബോട്ട് തകരാറിലായി ഓടിക്കാനാകാതെ വന്നപ്പോൾ കാറ്റിലും തിരയിലും പെട്ട് ഒഴുകിപ്പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Top