‘ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പണം വേണ്ട സര്‍’; ഖായിസിന്റെ വീഡിയോ വൈറല്‍

കൊച്ചി: മഹാപ്രളയത്തില്‍ കേരളത്തിന്റെ സൈനികരായി പ്രവര്‍ത്തിച്ചവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍. നാവികസേനയ്ക്കു പോലും എത്താന്‍ പറ്റാത്ത ഇടങ്ങളില്‍ പോലും സ്വമേധയാ കടന്നുചെന്ന് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ചവരാണ് അവര്‍. ഒരുപാട് അഭിനന്ദന പ്രവാഹങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ട്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഓരോ മത്സ്യത്തൊഴിലാളികള്‍ക്കും 3000 രൂപ വീതം നല്‍കുമെന്നും കേടുപാടുകള്‍ വന്ന ബോട്ടുകള്‍ പുനര്‍ നിര്‍മ്മിച്ച് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരിക്കല്‍ക്കൂടി ശക്തരാണെന്ന് തെളിയിച്ചിരിക്കുകയാണ്. മഹാപ്രളയത്തില്‍ നിന്നും കൂടപ്പിറപ്പുകളെ രക്ഷിച്ചതിനു പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഖായിസ് എന്ന മത്സ്യത്തൊഴിലാളി. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

‘കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ഓരോ മത്സ്യത്തൊഴിലാളിക്കും 3000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞത് വളരെ സങ്കടത്തോടെയാണ് കേട്ടതെന്നും ഖായിസ് വീഡിയോയില്‍ പറയുന്നു. എന്നാല്‍ കേടായ ബോട്ടുകളെല്ലാം പുനര്‍ നിര്‍മ്മിച്ച് തരുമെന്ന് പറഞ്ഞത് നല്ലൊരു കാര്യമാണ്. കാരണം അതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങളില്ലെന്നും ഖായിസ് പറഞ്ഞു’.

Top