കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ ഷാജിയുടെ (30) മൃതദ്ദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇന്ന് രാവിലെ 8.30 മണിയോടെ പൂത്തുറ പള്ളിക്ക് സമീപം കടലില്‍ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി കടലില്‍ നിന്ന് മൃതദേഹം എടുത്ത് മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കുമായി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷാജി മുതലപ്പൊഴി കായലില്‍ വീഴുന്നത്. തുടര്‍ന്ന് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഫയര്‍ഫോഴ്സ് സ്‌കൂബ ടീം തുടങ്ങിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Top