മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: ഒന്നര വര്‍ഷം ശ്രമിച്ചിട്ടും ഭൂമി തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാരില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു അദ്ദേഹം പറഞ്ഞു. കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ മുന്‍ഗണന ഉള്ളവ തീര്‍പ്പാക്കാന് ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസങ്ങള്‍ക്കു മുമ്പ് 12 പേരടങ്ങുന്ന സ്പെഷല്‍ ടീമിനെ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസില്‍ നിയമിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ കെട്ടിക്കിടന്ന 4,000 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനായെന്നും കളക്ടര്‍ അറിയിച്ചു.

 

Top