‘സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ഫിഷറീസ് ഉദ്യോഗസ്ഥർ നടത്തുന്നത്’; മന്ത്രി പി പ്രസാദ്

ആലപ്പുഴ: പൊക്കാളിപാടത്ത് 12 മാസവും മത്സ്യകൃഷി നടത്താമെന്നും അതിന് കൃഷി വകുപ്പിന്റെ ശുപാർശ വേണ്ടെന്നും ഉത്തരവിറക്കിയ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ കയർത്ത് കൃഷിമന്ത്രി പി പ്രസാദ്. കോടതി ഉത്തരവ് ലംഘിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

‘നിങ്ങൾ പാടത്ത് പോയിട്ടുണ്ടോ. ആ പാടശേഖരങ്ങൾ‍ക്കരികിൽ ജീവിക്കുന്നവരുടെ ദുരിതം കണ്ടിട്ടുണ്ടോ. പാടങ്ങളിൽ പോയിട്ടുണ്ടെങ്കിൽ 12 മാസവും വെള്ളം കയറ്റി മത്സ്യകൃഷി നടത്താൻ പറയുമായിരുന്നില്ല. ഞാനവിടെ പോയിട്ടുണ്ട്. പൊക്കാളി പ്രദേശങ്ങളിൽ ഭൂരിപക്ഷവും പട്ടികജാതി കുടുംബങ്ങളാണ്. ഈർപ്പം നിറഞ്ഞ വീടും നിത്യരോഗികളായ മനുഷ്യരുമാണ് അവരിൽ കൂടുതലും. ഇതെല്ലാം കണ്ടിരുന്നെങ്കിൽ നിങ്ങൾ കണ്ണിൽ ചോരയില്ലാതെ പെരുമാറുമായിരുന്നില്ലെന്നും’ മന്ത്രി വൈകാരികമായി പറഞ്ഞു.

ഉത്തരവ് നടപ്പാക്കരുതെന്ന് ചേർത്തലയിൽ വിളിച്ച് ചേർത്ത യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു. പൊക്കാളിപാടത്ത് ‘ഒരു നെല്ലും ഒരു മീനും പദ്ധതി’ നടപ്പാക്കുന്നതിനായി കൃഷി വകുപ്പിലേയും ഫിഷറീസ് വകുപ്പിലേയും ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തിരുന്നു. അതിനിടയിലാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കും വിധം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അദീല അബ്ദുള്ളയുടെ ഉത്തരവ് ഉണ്ടായത്. ഇതാണ് മന്ത്രിയെ പ്രകോപിച്ചത്. ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

12 മാസവും പൊക്കാളി നിലങ്ങളിൽ മത്സ്യക്കൃഷി നടത്താമെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. 2021 ലെ കേരള ഇൻലാൻഡ് ഫിഷറീസ് ആന്റ് അക്വാകൾച്ചർ നിയമഭേദഗതി അനുസരിച്ച് കൃഷി ഓഫീസറുടെ അനുമതിയില്ലാതെ തന്നെ മത്സ്യകൃഷി നടത്താമായിരുന്നു. എന്നാൽ, 2022 ഓഗസ്റ്റ് 23ന് ഈ നിയമത്തിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കൃഷി വകുപ്പിന്റെ അനുമതിയോടയെ മത്സ്യകൃഷി നടത്താവൂ എന്നായിരുന്നു വിധി. വിധി നിലനിൽക്കേ എങ്ങനെയാണ് ഫിഷറീസ് ഡയറക്ടർക്ക് മറിച്ചൊരു ഉത്തരവിറക്കാൻ സാധിക്കുകയെന്ന് മന്ത്രി ചോദിച്ചു.

കോടതി അലക്ഷ്യത്തിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് സംശയിക്കുന്നു. ഉത്തരവ് വന്നതിന് പിന്നാലെ തിരക്കിട്ട് രജിസ്ട്രേഷനും ലൈസൻസും നൽകുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടുറുടേതെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ കൂടിയാലോചന വേണ്ടതായിരുന്നു. പ്രശ്നം മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനേയും ധരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top