മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വൈകുന്നതില്‍ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വൈകുന്നതില്‍ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അന്ത്യശാസനം. മാര്‍ച്ച് 31നകം ഡ്രഡ്ജിങ് പൂര്‍ത്തിയാക്കണമെന്ന് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. അദാനി ഗ്രൂപ്പുമായുള്ള കരാര്‍ അവസാനിക്കുന്ന ഏപ്രില്‍ മാസത്തില്‍ പൊളിച്ച പുലിമുട്ട് പുനര്‍നിര്‍മ്മിക്കാനും ധാരണയായി.

കല്ല് നീക്കുന്നതിനുള്ള കരാര്‍ ഏപ്രിലില്‍ അവസാനിക്കും. കരാര്‍ പുനഃസ്ഥാപിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനര്‍നിര്‍മ്മിക്കണമെന്ന് പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച സിഡബ്ല്യുപിആര്‍എസും നിര്‍ദേശിച്ചിരുന്നു. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതിനാല്‍ കരാര്‍ നീട്ടാന്‍ അദാനി ഗ്രൂപ്പിനും താല്പര്യം ഇല്ല. കരാര്‍ അവസാനിക്കുന്നതിന് പിന്നാലെ പുലിമുട്ട് പൂര്‍വസ്ഥിതിയില്‍ ആക്കുമെന്നും അദാനി ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് മുതലപ്പൊഴിയില്‍ ഡ്രഡ്ജിങ് നടത്താന്‍ അദാനി ഗ്രൂപ്പിനോട് നിര്‍ദേശിച്ചത്. അഞ്ച് മാസം പിന്നിടുമ്പോഴും പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതില്‍ മന്ത്രി സജി ചെറിയാന്‍ അതൃപ്തി അറിയിച്ചു. മാര്‍ച്ച് 31നകം അഞ്ച് മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കണം. ഓരോ ആഴ്ചയും പ്രവര്‍ത്തന പുരോഗതി അറിയിക്കണമെന്നും മന്ത്രി അദാനി ഗ്രൂപ്പ് പ്രതിനിധികളെ അറിയിച്ചു. മുതലപ്പൊഴിയിലൂടെ വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോകുന്നതിന് പ്രത്യുപകാരമായാണ്, പൊഴിയിലെ ഡ്രഡ്ജിങ് ജോലി അദാനി ഗ്രൂപ്പിനെ ഏല്പിച്ചത്. എന്നാല്‍ ഡ്രഡ്ജിങ് കാര്യക്ഷമമായിരുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിമര്‍ശനം.

Top