ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു വിദേശികള്‍ക്കും അനുമതിയില്ല;മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. പരമ്പാഗത തൊഴിലാളികള്‍ക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

യുഎന്‍ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയില്‍ പോയത്. യുഎന്‍ പരിപാടിയില്‍ അല്ലാതെ മറ്റാരോടും അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആരെങ്കിലും കത്ത് പുറത്തു വിട്ടാല്‍ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. മത്സ്യതൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശി ഡിസി ട്രോളറുകള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഡി സി ട്രോളറുകള്‍ക്ക് കേരള തീരം തുറന്നു കൊടുക്കുക എന്ന പ്രശ്നമുദിക്കുന്നില്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്തരാക്കുക എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കേരളവും കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ്. 10 ബോട്ടുകള്‍ക്ക് പെര്‍മിറ്റ് നടത്താന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. അതല്ലാതെ ഒരു വിദേശികള്‍ക്കും അനുമതി കൊടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top