ബിപ്ലവ് ദേവിന്റെ താറാവ് സിദ്ധാന്തത്തിന് പിന്‍തുണയുമായി ഫിഷറീസ് വകുപ്പ്!!

അഗര്‍ത്തല : തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ താറാവ് സിദ്ധാന്തത്തിന് പിന്തുണയുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് രംഗത്ത്. ജലാശയത്തിലെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ താറാവുകളെ വളര്‍ത്തുന്നത് ഉപകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലവ് അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍, പക്ഷികള്‍ പ്രകൃതി ദത്തമായി വായു ശുദ്ധീകരണ ഉപകരണങ്ങളാണെന്നാണ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാമേശ്വര്‍ ദാസിന്റെ വാദം.

താറാവുകളെ ജലാശയങ്ങളില്‍ വിടുന്നത് വഴി വെള്ളത്തിന് മുകളിലെ ചെറുസസ്യങ്ങളുടെ വളര്‍ച്ച വര്‍ദ്ധിക്കുകയും അതു വഴി ഓക്‌സിജന്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് ദാസിന്റെ അഭിപ്രായം. നിശ്ചലമായ വെള്ളത്തില്‍ ഓക്‌സിജന്‍ ആവശ്യത്തിന് ഉണ്ടാകില്ല. വെള്ളത്തില്‍ കലര്‍ന്ന ഓക്‌സിജനാണ് മീനുകള്‍ക്ക് വേണ്ടത്. താറാവുകള്‍ വെള്ളത്തിന് മുകളിലൂടെ നീന്തുമ്പോള്‍ വായു സഞ്ചാരം വര്‍ദ്ധിക്കുകയും ഓക്‌സിജന്‍ പ്രസരണം കൂട്ടുകയും ചെയ്യുന്നു. ഇത് മീന്‍ കൃഷിയ്ക്കും ഗുണകരമാകുമെന്ന് രാമേശ്വര്‍ ദാസ് വിശദീകരിച്ചു. വനം ഗവേഷണ വകുപ്പ് വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ അജയ് ദബ്ബാര്‍മ്മയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.

ബിപ്ലവ് കുമാറിന്റെ വാദങ്ങളെ തള്ളി ത്രിപുര ജുക്തിബാദ് വികാസ് മഞ്ച നേതാവ് മിഹിര്‍ ലാല്‍ റോയ് രംഗത്തെത്തിയിരുന്നു. ബിപ്ലവിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ ചിന്തകളുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ത്രിപുര ജുക്തിബാദ് വികാസ് മഞ്ച. ഇടകലര്‍ത്തി മൃഗങ്ങളെ വളര്‍ത്തുന്നത് ഉത്പാദനം വര്‍ദ്ധിപ്പിക്കും. എന്നാല്‍ താറാവ് ഓക്സിജന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്ന സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്നും മിഹിര്‍ വ്യക്തമാക്കിയിരുന്നു.

Top