മത്സ്യഫെഡ് അഴിമതി; ജീവനക്കാർക്കു കൂട്ടസ്ഥലംമാറ്റം

കൊല്ലം: മത്സ്യഫെഡിൽ കോടികളുടെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ജീവനക്കാർക്കു കൂട്ടസ്ഥലംമാറ്റം. ഭരണസൗകര്യത്തിനെന്നാണു വിശദീകരണമെങ്കിലും തട്ടിപ്പിന്റെ കൂടുതൽ കഥകൾ ചോരാതിരിക്കാനുള്ള മുൻകരുതൽ നടപടിയെന്നാണു സൂചന. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിലെ 12 ഉദ്യോഗസ്ഥരെയാണു സ്ഥലം മാറ്റിയത്.

മത്സ്യഫെഡിലെ അനധികൃത നിയമനങ്ങൾ വൻവിവാദമായതോടെ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥന്റെ വിശ്വസ്തനെ നിയമിച്ചതും ചർച്ചയായി. താൽക്കാലിക നിയമനം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഓഫിസിൽ നിന്നു ചോരാതിരിക്കാനുള്ള മുൻകരുതലാണ് ഈ നിയമനമെന്നാണ് ആരോപണം. ഒരു കോടിയോളം രൂപയുടെ തട്ടിപ്പു കണ്ടെത്തിയ കൊല്ലം ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്ററിലെ ഉദ്യോഗസ്ഥയെ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്.

2016 ഓഗസ്റ്റ് 15 മുതൽ 2021 ഓഗസ്റ്റ് 15 വരെ 342 പേരെയാണു പിൻവാതിലിലൂടെ മത്സ്യഫെഡിൽ നിയമിച്ചത്. ഇപ്പോഴത്തെ ചെയർമാൻ ടി.മനോഹരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നശേഷം 27 പേരെയും നിയമിച്ചു. നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും സിപിഎം നേതാക്കളുടെ നോമിനികളോ ബന്ധുക്കളോ ആണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഈ മാസം ഒടുവിൽ നിയമസഭ കൂടാനിരിക്കെ സാമ്പത്തിക തട്ടിപ്പ്, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുപോകുന്നതിനെതിരെ ഉന്നതതലത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Top